Tip:
Highlight text to annotate it
X
റോമിലും ലോകമെമ്പാടുമുള്ള പ്രിയ സഹോദരീ സഹോതരന്മരേ,
“എന്റെ പ്രത്യാശയായ ക്രിസ്തു ഉത്ഥാനംചെയ്തു...” – ഈസ്റ്റര്‍ പ്രഭണിതം
ഉത്ഥിതനായ ക്രിസ്തുവിനെ ആദ്യം കണ്ട
മഗ്ദലേനാ മറിയത്തിന്റെ വാക്കുകളിലൂടെ
വീജയശ്രീലാളിതയായ സഭയുടെ ശബ്ദംലോകമെമ്പാടും എത്തിക്കുകയാണ്.
അവള് മറ്റ് ശിഷ്യന്മാരുടെ പക്കലേയ്ക്ക് ആവേശത്തോടെ ഓടിച്ചെന്ന് അറിയിച്ചു,
“ഞാന്‍ കര്‍ത്താവിനെ കണ്ടു” (യോഹന്നാന് 20, 18).
തപസ്സിന്റെ മരുഭൂമിയിലൂടെയും പീഡാനുഭവത്തിന്റെ ദുഃഖത്തിലൂടെയും അനുയാത്ര ചെയ്ത നമ്മള്
“അവിടുന്ന് സത്യമായും ഉത്ഥാനംചെയ്തു,” എന്നു പ്രഘോഷിക്കുന്നു.
ഓരോ ക്രൈസ്തവനും മഗ്ദലേനാ മറിയത്തിന്റെ അനുഭവം പുനഃജീവിക്കണം..
അത് താല്ക്കാലികമോ ഉപരിപ്ലവമോ ആയ അനുഭവമല്ല, മറിച്ച് നമ്മെ തിന്മയില്‍നിന്നും സ്വതന്ത്രരാക്കുകയും
പൂര്‍ണ്ണമായി സൗഖ്യപ്പെടുത്തുകയും മനുഷ്യാന്തസ്സ് വീണ്ടെടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ നന്മയും സത്യവും പകര്‍ന്നു തരുന്നതും,
നമ്മുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നതുമായ ക്രിസ്തുവിന്റെ അന്യൂനമായ വ്യക്തിത്വത്തിന്റെ അനുഭവമാണത്.
തന്നെ തിന്മയില്‍നിന്നും മോചിപ്പിച്ച് പുനഃജന്മവും പുതുഭാവിയും നവജീവനും നല്കിയ ക്രിസ്തുവിനെ
മഗ്ദലേനാ മറിയം ‘എന്റെ പ്രത്യാശ’ എന്നു വിശേഷിപ്പിച്ചത്.
‘ക്രിസ്തു എന്റെ പ്രത്യാശയാണ്’ എന്നു പറയുന്നതിന്റെ അര്‍ത്ഥം,
നന്മയ്ക്കും നിത്യജീവനും വേണ്ടിയുള്ള ഒരുവന്റെ തീവ്രാഭിലാഷം സഫലീകരിക്കാനുള്ള സകല സാദ്ധ്യതകളും അവനിലുണ്ട് എന്നാണ്.
മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിലാണ് നിത്യജീവിതത്തിന്റെ പ്രത്യാശ നാം അര്‍പ്പിക്കേണ്ടത്.
ജനപ്രമാണികളാല്‍ പരിത്യക്തനായ ക്രിസ്തു ബന്ധിതനായി ചമ്മട്ടിയടിയേറ്റ്, മരണത്തിനു വിധിക്കപ്പെട്ട് അവസാനം ക്രൂശിതനായത്
മറ്റു ശിഷ്യന്മാരെപ്പോലെ മഗ്ദലന മറിയവും കണ്ടതാണ്.
വിദ്വേഷം പൂണ്ടവര്‍ സത്യത്തെ വ്യാജംകൊണ്ടും കാരുണ്യത്തെ പകകൊണ്ടും മറച്ചുവച്ച്
നന്മയുടെ മൂര്‍ത്തീമത് ഭാവത്തെ നശിപ്പിച്ചത് നോക്കിനില്ക്കുക അവര്‍ക്ക് അസഹനീയമായിരുന്നിരിക്കണം.
ക്രിസ്തുവിന്റെ മരണത്തോടെ അവിടുന്നില്‍ പ്രത്യാശയര്പ്പിച്ചവരുടെ പ്രതീക്ഷകള്‍ ശിഥിലമാക്കപ്പെട്ട പോലെയായി.
എന്നാല്‍ അവരുടെ വിശ്വാസം പൂര്‍ണ്ണമായും കെട്ടുപോയില്ല, പ്രത്യേകിച്ച് തന്റെ ഹൃദയവ്യഥയുടെ ഇരുട്ടിലും
യേശുവിന്റെ അമ്മയായ മറിയം പ്രത്യാശയുടെ പ്രകാശമായി തെളിഞ്ഞുനിന്നു.
തിന്മയുടെ ക്രുരതയെ പ്രത്യാശയാലാണ് നാം എന്നും അഭിമുഖീകരിക്കേണ്ടത്.
അസൂയയുടേയും അഹന്തയുടേയും കാപട്യത്തിന്റേയും അക്രമത്തിന്റേയും നുകമാണ്
മരണവലയത്തെക്കാള് നന്മയെ ധ്വംസിക്കുന്നത്.
ജീവന്റെ രാജ്യത്തേയ്ക്കുള്ള വഴി തുറക്കുവാന്‍ ക്രിസ്തുവിന് മരണവലയം കടക്കേണ്ടി വന്നു.
ക്രിസ്തുവിന്റെ മരണ സമയത്ത് ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിക്കുകയും ദൈവം പൂര്‍ണ്ണനിശ്ശബ്ദത പാലിക്കുകയും ചെയ്തപ്പോള്‍,
ഒരു നിമിഷത്തേയ്ക്ക് അവിടുന്നു പരാജിതനായ പോലെയും പ്രത്യാശ അറ്റവനെപ്പോലെയുമായിരുന്നു.
എന്നാല്‍ സാബത്തു കഴിഞ്ഞ പ്രഭാതത്തില്‍ ക്രിസ്തുവിന്റെ കല്ലറ ശൂന്യമായിരുന്നു.
എന്നിട്ട് അവിടുന്ന് മഗ്ദലേനാ മറിയത്തിനും മറ്റു സ്ത്രീകള്‍ക്കും ശിഷ്യന്മാര്ക്കും പ്രത്യക്ഷപ്പെട്ടു.
നവീകൃതമായ വിശ്വാസം നവവും ശക്തവും അജയ്യവുമാണ്, അത് നിര്‍ണ്ണായകമായ ഒരനുഭവത്തെ ആധാരമാക്കിയുള്ളതാണ്:
“ജീവനാല്‍ ഒടുങ്ങിയ മര്‍ത്ത്യത : ജീവദാതാവ് കൊല്ലപ്പെട്ടുവെങ്കിലും, ഇതാ അവിടുന്ന് ഇന്നും ജീവിക്കുന്നു.”
പ്രതികാരത്തിനുമേല്‍ കാരുണ്യത്തിന്റേയും വിദ്വേഷത്തിനുമേല്‍ സ്നേഹത്തിന്റേയും മരണത്തിനുമേല്‍ ജീവന്റേയും വിജയമാണ് പുനരുത്ഥാനം :
“കല്ലറ ശൂന്യമാക്കിയ നവജീവന്‍, മരണത്തിന് ശവക്കച്ച മറച്ചുവച്ചു. ഉത്ഥിതന്‍ ക്രിസ്തുവെ ദര്‍ശിച്ചു ഞാന്‍, വാനദൂതരും അതിന് സാക്ഷൃമേകി!”
പ്രിയ സഹോദരങ്ങളേ! ഈ ലോകത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതും
അത് നവജീവന്‍ പ്രാപിച്ചതും ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെയാണ്.
ഉത്ഥിതനായ ക്രിസ്തു കഴിഞ്ഞ നാളിന്റെയല്ല ഇന്നിന്റെ ജീവിക്കുന്ന ദൈവമാണ്.
അവിടുത്തെ വചനത്തില്‍ മാത്രമല്ല, അവിടുന്നില്‍ സമ്പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കാം.
തങ്ങളുടെ വിശ്വാസത്തെപ്രതി പീഡനങ്ങളും വിവേചനവും അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക്
ക്രിസ്തു പ്രത്യാശയും സമാശ്വാസവുമാണ്.
മാനുഷിക യാതനകളുടേയും അനീതിയുടേയും മേഖലകളില്‍ ശുശ്രൂഷചെയ്യുന്ന സഭയിലൂടെ
ക്രിസ്തുവിന്റെ പ്രത്യാശയുടെ സാന്നിദ്ധ്യം എന്നും മനുഷ്യകുലത്തിന് ലഭ്യമാണ്.
മദ്ധ്യപൂര്‍വ്വദേശത്തുള്ള എല്ലാ വംശീയ സാംസ്കാരിക മത സമൂഹങ്ങളും ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയാല്‍
മനുഷ്യാവകാശത്തിനും പൊതുനന്മയ്ക്കുമായുള്ള അവരുടെ പോരാട്ടത്തില്‍ ഒരുമയോടെ മുന്നേറട്ടെ.
സീറിയായിലെ രക്തച്ചൊരിച്ചിലിന് അറുതി വരുത്തിക്കൊണ്ട്, അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്ന
പരസ്പര ബഹുമാനത്തിന്റേയും സംവാദത്തിന്റേയും അനുരഞ്ജനത്തിന്റേയും പാത അവിടെ തെളിയട്ടെ.
അടിസ്ഥാന മാനുഷിക ആവശ്യങ്ങള്‍ക്കായി കേഴുന്ന സിറിയായിലെ അഭയാര്‍ത്ഥികളായ ജനതയ്ക്ക്
അവരുടെ കഠിന യാതനകളില്‍ സമാശ്വാസം കണ്ടെത്താന്‍വേണ്ട സഹായവും പിന്തുണയും ലഭിക്കട്ടെ.
സുസ്ഥിതിയുടേയും പുരോഗതിയുടേയും പാതയില്‍ മുന്നേറുന്നതിന് നിരന്തരം പരിശ്രമിക്കുവാന്‍ ഇറാക്കിലെ ജനതയ്ക്കു സാധിക്കട്ടെ.
വിശുദ്ധ നാട്ടിലെ പലസ്തീന് - ഇസ്രായേല്‍ ജനതകള്‍ സുധൈര്യം സമാധാനത്തിന്റെ പാത പുല്കട്ടെ.
തിന്മയുടേയും മരണത്തിന്റേയും മേല്‍ വിജയംവരിച്ച ക്രിസ്തു, ആഫ്രിക്ക ഭൂഖണ്ഡത്തിലെ ക്രൈസ്തവ സമൂഹങ്ങളെ പരിപാലിക്കുകയും,
അവരുടെ ക്ലേശങ്ങളില്‍ പ്രത്യാശ പകര്‍ന്ന്, അവരെ സമാധാന പാലകരും പുരോഗതിയുടെ പ്രായോക്താക്കളുമാക്കട്ടെ.
യാതനകള്‍ അനുഭവിക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനതകള്‍ക്ക് ക്രിസ്തു സമാശ്വാസമേകി അവരെ അനുരഞ്ജിതരാക്കട്ടെ.
ഗ്രേറ്റ് ലെയ്ക്ക് പ്രദേശത്തെയും സുഡാന്, ദക്ഷിണ സുഡാന് എന്നിവിടങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം ക്ഷമിക്കുവാനുള്ള കരുത്തു ലഭിക്കട്ടെ.
രാഷ്ട്രീയ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മാലി രാജ്യത്തിന് ഉത്ഥിതനായ ക്രിസ്തു സമാധാനവും സുസ്ഥിതിയും നല്കി അനുഗ്രഹിക്കട്ടെ.
ക്രൂരമായ ഭീകരാക്രമണത്തിന് വിധേയമായ നൈജീരിയയില്‍
ഈ ഉത്ഥാന മഹോത്സവത്തിന്റെ സന്തോഷത്താല്‍, മതസ്വാതന്ത്ര്യം വളര്‍ന്ന്
സമാധാന പൂര്‍ണ്ണവും പരസ്പര ബഹുമാനവുമുള്ള നവസമൂഹം യാഥാര്‍ത്ഥ്യമാകട്ടെ.
ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!